ദുബൈ : യുഎയിലെ പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യാൻ ഇനി 8000 ദിര്‍ഹം ശമ്ബളം വേണം. കുറഞ്ഞ ശമ്ബള പരിധി ഇരട്ടിയാക്കിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്.
ഇതോടെ വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പില്‍ കുടുംബാംഗങ്ങളെ വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ കൊണ്ടുവരാനാണ് ഇനി മുതല്‍ 8,000 ദിര്‍ഹം മാസ ശമ്ബളം വേണ്ടിയത്. 4,000 ദിര്‍ഹം ആയിരുന്നതാണ് ഇരട്ടിയാക്കി ഉയര്‍ത്തിയത്. മാസ ശമ്ബളത്തിന് പുറമെ സ്വന്തം പേരില്‍ താമസ സൗകര്യവും ഉള്ളവര്‍ക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവരാനാകൂ. അതേസമയം, 10,000 ദിര്‍ഹം ശമ്ബളം ഉണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ പേരകുട്ടികളെ കൊണ്ടുവരാൻ സാധിക്കൂ.
ദുബായ് താമസ-കുടിയേറ്റ വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, റസിഡൻസ് വിസയില്‍ ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിനുള്ള ശമ്ബള പരിധി 4000 ദിര്‍ഹമായി തുടരും. അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്ബളവും സ്വന്തം പേരില്‍ താമസ സൗകര്യവും ഉണ്ടായിരിക്കണം. 10,000 ദിര്‍ഹം ശമ്ബളം ഉണ്ടെങ്കില്‍ മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാം. ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിനു ശമ്ബളത്തോടൊപ്പം 2 ബെഡ് റൂം ഫ്ലാറ്റും വേണമെന്നും വ്യവസ്ഥയുണ്ട്. സന്ദര്‍ശക വിസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വിസയിലേക്കു മാറ്റാനും അനുമതിയുണ്ട്.