പൂവാർ : വേനൽ കനത്തതോടെ തീരപ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമായി. അറ്റകുറ്റപ്പണികൾ നടത്താതെ പൊട്ടിയ പൊതു പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നത് മലിനജലം. അതിനാൽ വെള്ളം ജനങ്ങൾക്ക് ഉപയോഗിക്കാനാവാത്ത സ്ഥിതിയാണ്. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശത്താണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. കരുംകുളം, കാഞ്ഞിരംകുളം, പൂവാർ പ്രദേശത്ത് ആവശ്യത്തിന് ശുദ്ധജലം ലഭിച്ചിട്ട് ആഴ്ചകളായതായി തീരദേശവാസികൾ പറയുന്നു. തീരദേശത്തെ കിണറുകളും വറ്റിത്തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് ജനം ശുദ്ധജലത്തിനായി ഓട്ടംതുടങ്ങിയത്.
കാഞ്ഞിരംകുളം, കരിംകുളം, പൂവാർ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലം എത്തിക്കുന്നത് കരിച്ചൽ പദ്ധതിയിൽനിന്നാണ്. എന്നാൽ, വർഷങ്ങളായി ഇവിടുത്തെ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ കാര്യക്ഷമമായി നടക്കന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. തീരദേശത്തെ ഭൂരിഭാഗം പൊതുടാപ്പുകളും പൊട്ടിയനിലയിലാണ്. ഈ പൊട്ടിയഭാഗത്തിലൂടെയാണ് ജനങ്ങൾ വെള്ളം ശേഖരിക്കുന്നത്. ഈ ഭാഗങ്ങളിൽക്കൂടി മലിനജലവും പൈപ്പിനുള്ളിൽ നിറയുന്ന സ്ഥിതിയിലാണ്. ജലക്ഷാമം രൂക്ഷമായതോടെ തീരദേശത്തു വീണ്ടും ജലവില്പന സംഘങ്ങളും എത്തിത്തുടങ്ങി. ഇവിടെ ജനങ്ങൾക്ക് കുടിക്കാനുള്ള വെള്ളം വിലകൊടുത്തു വാങ്ങണം. പത്ത് ലിറ്റർ വെള്ളത്തിന് നൂറുരൂപയിൽ അധികമാണ് ഈടാക്കുന്നത്. ശുദ്ധജലം വിലകൊടുത്ത് വാങ്ങേണ്ടി വരുന്നത് തീരദേശത്തെ മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ജലവിൽപ്പനക്കാർ രംഗത്തെത്തിയതോടെ പൊതുപൈപ്പുകളിൽ വെള്ളമെത്തുന്ന വാൽവുകൾ ക്യത്യമായി തുറക്കാറില്ലെന്ന പരാതിയും ഉയരുന്നു.
തീരദേശത്തെ മുഴുവൻ ജനങ്ങളും കരിച്ചൽ പദ്ധതിയിലെ ജലത്തെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. എന്നാൽ ഇവിടെനിന്നുള്ള ജലവിതരണം രണ്ടാഴ്ച കൂടുമ്പോഴാണ്. അതും കുറച്ച് സമയങ്ങളിൽമാത്രം. അതിനാൽ അടിമലത്തുറ, പുല്ലുവിള, പുതിയതുറ, കരുംകുളം, പൂവാർ ഇ.എം.എസ്. കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പാതിരാത്രിയിലായിരിക്കും വെള്ളമെത്തുന്നത്. തീരദേശത്തെ 35-ൽ അധികം പൊതുപൈപ്പുകളാണ് പൊട്ടിയൊഴുകുന്നത്. ഇതും പല കുടുംബങ്ങൾക്കും അവശ്യത്തിനു ശുദ്ധജലം കിട്ടാത്തതിനു കാരണമായി മാറിയിട്ടുണ്ട്. പത്തിലധികം സംഘങ്ങളാണ് ലോറികളിൽ വെള്ളമെത്തിച്ച് വിൽപ്പന നടത്താനെത്തുന്നത്. ഊറ്ററ കരിച്ചൽ എന്നിവിടങ്ങളിൽനിന്ന് അനധികൃതമായി വെള്ളം ഊറ്റിയാണ് വിൽപ്പനയ്ക്കായി എത്തിക്കുന്നത്. ജലവിൽപ്പനസംഘങ്ങൾ നെയ്യാറിൽനിന്നും കരിച്ചൽ കായലിൽനിന്നും വെള്ളം ശേഖരിച്ച് വിൽപ്പനയ്ക്ക് എത്തിക്കുന്നതായും പരാതികളുണ്ട്.
March 4, 2024
February 21, 2024
February 19, 2024
February 8, 2024
January 25, 2024
January 25, 2024