പൂവാർ : ശുദ്ധീകരണ സംവിധാനം തകരാറിലായതോടെ കരിച്ചൽ കുടിവെള്ളപദ്ധതിയിൽ നിന്നുള്ള ശുദ്ധജലവിതരണം താറുമാറായി. ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മൈക്രോഫിൽറ്റർ സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ശുദ്ധീകരണ പ്ലാന്റുകൾ തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി ആരംഭിച്ചിട്ടില്ല. ഇതുകാരണം ചെളിയും മാലിന്യവും കലർന്ന വെള്ളമാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.തീരദേശത്തെ ഭൂരിഭാഗം പ്രദേശങ്ങളിലും കരിച്ചൽ ശുദ്ധജലവിതരണ പദ്ധതിയിൽനിന്നാണ് കുടിവെള്ളമെത്തിക്കുന്നത്. പൂവാർ, പുല്ലുവിള, പള്ളം, പുതിയതുറ, കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറ, ചൊവ്വര, മന്നോട്ടുകോണം തുടങ്ങി ഏഴു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന കുടുംബങ്ങളാണ് ജലക്ഷാമത്താൽ ദുരിതത്തിലായത്.
പല പ്രദേശങ്ങളിലും ആഴ്ചയിൽ മൂന്നുദിവസം മാത്രമാണ് വെള്ളം കിട്ടുന്നത്. കൂടാതെ തീരദേശത്തെ ഭൂരിഭാഗം പൈപ്പുകളും പൊട്ടിയതിനാൽ മലിനജലമാണ് വരുന്നതെന്നും പരാതിയുണ്ട്. കരിച്ചൽ കായലിൽ പൊഴികയറുമ്പോൾ കരിച്ചൽ പമ്പ് ഹൗസിലെ ഗാലറിയിലും വെള്ളം കയറുന്നത് പതിവാണ്. ഈ സമയത്ത് പൈപ്പിലൂടെ വിതരണം ചെയ്യുന്നത് ഉപ്പുവെള്ളമാണെന്നും പറയുന്നു. പൂവാർ ഇ.എം.എസ്. കോളനി, കല്ലുമുക്ക്, ശൂലംകുടി പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന വെള്ളത്തിൽ ഇരുമ്പൂറലും ചെളിയും കലർന്നതായതിനാൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല. പദ്ധതിയുടെ ഗാലറിയുടെ വശങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്നതും വെള്ളം മലിനമാവാൻ കാരണമാവുന്നതായി നാട്ടുകാർ പറയുന്നു.
March 4, 2024
February 21, 2024
February 19, 2024
February 8, 2024
January 25, 2024
January 25, 2024