കടയ്ക്കൽ പ്രവാസി ഫോറം ദുബായ് ഖിസൈസിലെ അൽ തവാർ‍ പാർക്കിൽ വെച്ച് ഓണം-ഈദ്-കേരള പ്പിറവി ദിന ആഘോഷം നടത്തി

Friday, 01 Nov, 2019  RAHIM KADAKKAL

 ദുബൈ : കൊല്ലം ജില്ലയിലെ കടയ്ക്കലിലും  പരിസരപ്രദേശങ്ങളിലുമുള്ള  പഞ്ചായത്തുകളിലെ യു.എ.ഇ യിലെ പ്രവാസികളുടെ കൂട്ടായ്മയായ കടയ്ക്കൽ പ്രവാസി ഫോറം ഇക്കഴിഞ്ഞ വെള്ളിയാഴ്ച  നവംബർ 1 ന് ദുബായ് ഖിസൈസിലെ അൽ തവാർ‍ പാർക്കിൽ വെച്ച് ഓണം-ഈദ്-കേരള പ്പിറവി ദിന ആഘോഷം നടത്തി. പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കടയ്ക്കൽ പ്രവാസി ഫോറം പ്രസിഡന്റെ റഹീം കടയ്ക്കൽ  നിർവഹിച്ചു. തുടർന്ന് ഫോറം അംഗങ്ങൾക്ക് വേണ്ടി അൽനൂർ പോളിക്ലിനിക്  നടത്തിയ സൗജന്യ രക്ത പരിശോധന ക്യാമ്പ്  സെക്രട്ടറി നസീർ റാവുത്തർ ഉദ്ഘാടനം ചെയ്തു.

യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്ന് തദ്ദേശീയരായ പ്രവാസികൾ കുടുംബസമേതം  രാവിലെ മുതൽ പാർക്കിലെത്തി വിവിധ ഇനം ഓണ പരിപാടികളിൽ പങ്കെടുത്തു. കുട്ടികളും, മുതിർന്നവരു മുൾപ്പെടെ പങ്കെടുത്ത നിരവധി കായിക വിനോദ മത്സരങ്ങൾ അരങ്ങേറി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അവരുടെ  കുടുംബവും സംയുക്തമായി വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ട് വന്ന ഓണ സദ്യ അനുഭവമായിരുന്നു അംഗങ്ങൾക്ക് നൽകിയത്. ഇത്  കൂട്ടായ്‍മയുടെ  ഐക്യവും, സൗഹൃദവും വിളിച്ചോതിയ പുത്തൻ അനുഭവമായിരുന്നുവെന്ന് പങ്കെടുത്ത അംഗങ്ങൾ പറഞ്ഞു.

സദ്യയ്ക്കു ശേഷം  എസ്.എ.എസ് എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള  വാശിയേറിയ വടംവലി  മത്സരത്തിൽ  ബ്രദേഴ്സ് ടീം വിജയികളായി. കടയ്ക്കൽ പ്രവാസി ഫോറത്തിൻറെ നേതൃത്വത്തിലുള്ള കെ.പി. എഫ് സ്ട്രൈക്കേഴ്സ് എമിറേറ്റ്സിലെ വിവിധ ക്രിക്കറ്റ് ടീമുകളുമായുള്ള മത്സരങ്ങളിൽ വിജയിച്ചത്തിന്റെ  ട്രോഫികൾ ചടങ്ങിൽ വച്ച് ഭാരവാഹികൾക്ക് കൈമാറി. ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സുധീർ കടയ്ക്കലിനെ ഫോറം അനുമോദിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഫോറം ട്രഷറർ നസീഫ് കുമ്മിൾ, സെക്രട്ടറിമാരായ സുരേഷ് കൃഷ്ണ, അജിത്ത് കടയ്ക്കൽ തുടങ്ങിയവർ ചേർന്ന് കൈമാറി. പരിപാടിയോട് അനുബന്ധിച്ച് നടത്തിയ സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ 50 ഇഞ്ച് സ്മാർട്ട് ടിവി സമ്മാനാർഹനായ  കുട്ടിക്ക് കടയ്ക്കൽ പ്രവാസി ഫോറം  മുൻ പ്രസിഡന്റും  രക്ഷാധികാരിയുമായ സുധീർ കൈമാറി. വടംവലി മത്സരത്തിലെ വിജയികളായ  ബ്രദേഴ്സ് ടീമിന് ഫോറം വൈസ് പ്രസിഡന്റും മുൻ പ്രസിഡന്റുമായ ബുനൈസ് കാസ്സിം ട്രോഫി കൈമാറി.

പരിപാടിയുടെ സമാപനത്തോടെ നടത്തിയ യോഗത്തിൽ  രക്ഷാധികാരികളായ കഷഫുദീൻ, സലീം തേരിയിൽ എന്നിവരും മറ്റ് ഭാരവാഹികളായ  അരുൺ ചെറുകര, ഷംനാദ് കടയ്ക്കൽ എന്നിവരും ആശംസകളർപ്പിച്ചു. ഫോറം സെക്രട്ടറി റിയാദ് കടയ്ക്കൽ നന്ദി പറഞ്ഞു.

 

(കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന നാട്ടുവാർത്ത ഡോട്ട് കോമിൽ മറുനാട്ടിലെ മലയാളികൾക്ക്  വാർത്തകളും, പരസ്യങ്ങളും നല്കാൻ വാട്ട്സ് ആപ്പ് ചെയ്യുക. +91 8129898569 )