കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 12 വിള ഇനങ്ങൾ കർഷകർക്ക് സമർപ്പിച്ചു.

Wednesday, 27 Jan, 2021   HARITHA SONU

മണ്ണുത്തി : കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 12 വിള ഇനങ്ങൾ കർഷകർക്ക് സമർപ്പിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പുതിയ വിളയിനങ്ങൾ കർഷകർക്ക്‌ വിതരണം ചെയ്തു. ഗവേഷണ അക്കാദമിക് സൗകര്യങ്ങളുടെയും വിജ്ഞാനവ്യാപനത്തിനായി സർവകലാശാലയുടെ വിവിധ യൂണിറ്റുകളിൽ വികസിപ്പിച്ച ഡിജിറ്റൽ അപ്ലിക്കേഷനുകളുടെയും ഉദ്ഘാടനവും നടത്തി. ചീഫ് വിപ്പ് കെ. രാജൻ അധ്യക്ഷനായി. മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രം, പീലിക്കോട് പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം, വെള്ളായണി കാർഷിക കോളേജ്, വെള്ളാനിക്കര കാർഷിക കോളേജ്, ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണകേന്ദ്രം എന്നിവിടങ്ങളിലാണ് പുതിയ വിളയിനങ്ങൾ വികസിപ്പിച്ചത്.

കേരള സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി 18.25 കോടി രൂപ വിനിയോഗിച്ചാണ് വിവിധ കേന്ദ്രങ്ങളിൽ കെട്ടിടനിർമാണം നടത്തിയത്. വെള്ളായണി കാർഷിക കോളേജിലെ പരിശീലന ഹോസ്റ്റലും അതിഥിമന്ദിരവും ദേശീയതല തേൻ ഗുണനിലവാര പരിശോധനശാല, മൂല്യവർധിത ഉത്‌പന്ന വികസന ഇൻക്യുബേഷൻ കേന്ദ്രം, പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ അക്കാദമിക് കെട്ടിടം, പടന്നക്കാട് കാർഷിക കോളേജിലെ വനിതാ ഹോസ്റ്റൽ, വേങ്ങേരി കാർഷിക വിജ്ഞാന - വിപണന കേന്ദ്രം, കൊല്ലം സദാനന്ദപുരം പ്രോട്ടീൻ പാർക്ക്, പൊതു പയർവർഗ സംസ്‌കരണകേന്ദ്രം, കോട്ടയം കെ.വി.കെ. പൊതുപച്ചക്കറി - ഫലവർഗ സംസ്‌കരണകേന്ദ്രം, വയനാട് കെ.വി.കെ. പൊതു പച്ചക്കറി - ഫലവർഗ സംസ്‌കരണകേന്ദ്രം തുടങ്ങി 28 പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി, വൈസ്‌ ചാൻസലർ ഡോ. ആർ. ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.