ദുരിതം ഒഴിഞ്ഞു കർഷകർ

Tuesday, 26 Apr, 2022  ANAKHA JESSIYA SANTHOSH

പാവറട്ടി ∙ കോൾ മേഖലയിൽ പ്രധാന കനാലുകളുടെ ആഴം കൂട്ടുന്ന പ്രവർത്തനമാണ് കർഷകർക്ക് ആശ്വാസമാകുന്നത് . നിലവിൽ ഏനാമാവ് ഫെയ്സ് കനാൽ, എളവള്ളി മണിച്ചാൽ, ചാത്തൻ കോൾ, കോട്ടോച്ചാൽ, പെരുമ്പുഴ, ചേറ്റുപുഴ, പുഴയ്ക്കൽ,പൊണ്ണമുത ചാൽ, ചെമ്മീൻ ചാൽ എന്നീ കനാലുകളുടെ ആഴംകൂട്ടിക്കഴിഞ്ഞു.കടാംതോടിന്റെ ഇടതു കര 3 കിലോമീറ്റർ ദൂരം ആഴം കൂട്ടുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി കെഎൽഡിസിയാണ് പദ്ധതി നിർവഹിക്കുന്നത്.കനാലുകൾ ആഴമില്ലാത്തതുമൂലം കർഷകർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. കനാലുകൾ ഒരു മീറ്ററാണ് ആഴം കൂട്ടുന്നത്. ആഴം കൂട്ടുന്നതിലൂടെ ലഭിക്കുന്ന മണ്ണ് ഉപയോഗിച്ച് ബണ്ട് ബലപ്പെടുത്തുന്നു. 

 മഴക്കാലത്ത് അധിക ജലം ഒഴുക്കികളയാനും ,മുല്ലശേരി,എളവള്ളി, പറപ്പൂർ ഭാഗങ്ങളിലേക്ക് കൃഷി ആവശ്യത്തിന് ചിമ്മിനി ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളം സമയത്തിന് എത്തിക്കാൻ സാധിക്കാറില്ല. കനാലുകൾ ആഴം കൂട്ടുന്നതോടെ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുകയും കൂടുതൽ വെള്ളം കനാലുകളിൽ സംഭരിക്കാനുമാകും.കരഭൂമിയിലെ ശുദ്ധജല ക്ഷാമവും ഒരു പരിധി വരെ ഈ പ്രവർത്തനത്തിലൂടെ പരിഹരിക്കാനാകും.

ശുദ്ധജല പദ്ധതികളിൽ കലങ്ങിയ വെള്ളം വരുന്നു എന്ന ആക്ഷേപത്തെ തുടർന്ന് നിലവിൽ പണികൾ നിർത്തിവച്ചിരിക്കുകയാണ്.ഇനി അടുത്ത വർഷമേ പുനരാരംഭിക്കൂ.പ്രധാന കനാലുകൾ കഴിഞ്ഞതോടെ ഉൾചാലുകൾ ആഴം കൂട്ടുന്നതിനും തുടക്കമിട്ടിട്ടുണ്ട്.