സ്കൂൾ വരാന്തയിൽ മൃതദേഹം; കൊലപാതകം എന്നുറപ്പിച്ചു പൊലീസ്

Sunday, 24 Apr, 2022  ANAKHA JESSIYA SANTHOSH

ഇരിങ്ങാലക്കുട : ഗവ.മോഡൽ ബോയ്സ് സ്കൂൾ വരാന്തയിൽ പത്തനംതിട്ട സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മല്ലപ്പിള്ളി സ്വദേശി തീക്കോമറ്റം വീട്ടിൽ വാസുദേവന്റെ മകൻ അജയകുമാറിനെയാണ് (57) കഴിഞ്ഞ 13ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്കൂളിനു പുറകിൽനിന്ന് ഇയാളുടെതെന്ന് കരുതുന്ന വസ്ത്രവും കണ്ണടയും പൊലീസ് കണ്ടെത്തി.

നാടും വീടുമായി വലിയ ബന്ധമില്ലാത്ത അജയകുമാർ കാട്ടൂർ റോഡിലെ ബവ്കോ വിൽപനശാല പരിസരത്താണ് കഴിഞ്ഞിരുന്നത്. പൂജാ കടകളിൽ വിൽപനയ്ക്കുള്ള സാധനങ്ങൾ നൽകിയും കളിപ്പാട്ടങ്ങൾ വിറ്റുമാണ് അജയകുമാർ തൻ്റെ ഉപജീവനം നടത്തിയിരുന്നത്. 

പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ഇയാൾക്ക് മർദനമേറ്റതായും വാരിയെല്ലുകൾ പൊട്ടിയതായും കണ്ടെത്തി.കൊലപാതകത്തിനുശേഷം അപകടമെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടന്നതായും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട് .പോസ്റ്റുമാർട്ടം റിപ്പോർട്ടും മറ്റു തെളിവുകളുമാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. വരാന്തയിലും പരിസരത്തുമായി കണ്ടെത്തിയ രക്തം പതിഞ്ഞ കാൽപ്പാടുകളിൽ നിന്നും ഫോറൻസിക് വിഭാഗം രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. പരിസരവാസികളിൽ ചിലർ സംഭവശേഷം അപ്രത്യക്ഷരാണ് ,അവർക്ക് വേണ്ടിയും തിരച്ചിൽ തുടരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു.