റിസോർട്ടിലെ സ്റ്റോർ റൂമിൽനിന്ന്‌ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

Monday, 21 Jun, 2021  ANOOB NOCHIMA

തിരുവനന്തപുരം : വിഴിഞ്ഞം ചൊവ്വരയിൽ ആയുർവേദ ബീച്ച് റിസോർട്ടിലെ സ്റ്റോർ റൂമിൽനിന്ന്‌ ടിവിയും ഫാനുകളും പ്ലമ്പിങ്‌ സാധനങ്ങളും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കോട്ടുകാൽ വണ്ടാഴംനിന്ന വീട്ടിൽ അനി (45) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വരയിലെ മണൽതീരം ആയുർവേദ റിസോർട്ടിൽ ഒമ്പതിനാണ്‌ മോഷണം നടന്നത്. സ്റ്റോർ റൂമിന്റെ ജനൽക്കമ്പി അറുത്ത് അകത്തുകടന്നായിരുന്നു മോഷണം. കോവിഡ് സാഹചര്യത്തിൽ അതിഥികൾ ഇല്ലാത്തതിനാൽ മുറികളിൽനിന്ന്‌ ഇളക്കി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള എൽഇഡി ടിവിയും രണ്ട്‌ ഫാനും പ്ലമ്പിങ്‌ സാധനങ്ങളുമാണ്‌ മോഷ്ടിച്ചത്‌. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.  എസ്എച്ച്ഒ രമേഷ്, എസ്ഐമാരായ രാജേഷ്, ഡിപിൻ, സിപിഒമാരായ ഷൈൻരാജ്, കൃഷ്ണകുമാർ, അജികുമാർ എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. കോടതി  ഇയാളെ റിമാൻഡ് ചെയ്തു.