നെടുമങ്ങാട് ആര്യനാട് റോഡ് ടാറിടൽ തുടങ്ങി.

Wednesday, 30 Jun, 2021  ANOOB NOCHIMA

നെടുമങ്ങാട് : ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ നെടുമങ്ങാട് ആര്യനാട് റോഡ് ടാറിടൽ തുടങ്ങി. പൊട്ടിപ്പൊളിഞ്ഞ റോഡും വലിയകുഴികളും വെള്ളക്കെട്ടും കാരണം നിരന്തരം അപകടങ്ങളുണ്ടായി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഞ്ചുപേരാണ് ഇവിടെ റോഡപകടത്തിൽ മരിച്ചത്. ഇപ്പോൾ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിക്കുന്നത്. പതിനൊന്നു കിലോമീറ്റർ ദൂരം പതിനൊന്നുകോടി മുടക്കിയാണ് പ്രോജക്ട് ചെയ്തിരിക്കുന്നത്. നെടുമങ്ങാട് കുളവിക്കോണത്തുനിന്ന്‌ ടാറിടൽ ആരംഭിച്ചു. ബി.എം.സി. നിലവാരത്തിൽ നിർമിക്കുന്ന റോഡിന്റെ അടിസ്ഥാന നിർമാണം നേരത്തെതന്നെ പൂർത്തീകരിച്ചിരുന്നു. 7.5 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുന്നത്. ഇതിനായി വീതികൂട്ടൽ, വെള്ളക്കെട്ടുകൾ മാറ്റൽ, പാർശ്വഭിത്തികെട്ടൽ എന്നീ ജോലികളും പൂർത്തിയാക്കി. ട്രാഫിക് സിഗ്നലുകൾ, സൈൻബോർഡുകൾ, ഡിവൈഡറുകൾ, റോഡ്‌വൈഡനിങ് എന്നീ ജോലികൾ ശേഷിക്കുന്നുണ്ട്. വളരെപ്പെട്ടന്നുതന്നെ റോഡ്‌ നിർമാണം പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് എ.ഇ.വൈശാഖ് അറിയിച്ചു.