ആദിവാസി ഊരുകളിൽ പട്ടികവർഗ വകുപ്പ് പഠനകേന്ദ്രങ്ങൾ തുറന്നു.

Wednesday, 30 Jun, 2021   PM JAFFAR

പാലോട് : ഡിജിറ്റൽ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം വിദ്യാർഥികളുടെ ഓൺലൈൻ പഠനം മുടങ്ങിയ ആദിവാസി ഊരുകളിൽ പട്ടികവർഗ വകുപ്പ് പഠനകേന്ദ്രങ്ങൾ തുറന്നു. ജില്ലാ പട്ടികവർഗ വകുപ്പിന്റെ മേൽനോട്ടത്തിലാണ് 13 ഊരുകളിലായി 25-ലധികം പഠന കേന്ദ്രങ്ങൾ തുറക്കുന്നത്. സാമൂഹികപഠന കേന്ദ്രങ്ങൾ, വനജ്യോതി, ഫെസിലിറ്റേഷൻ സെന്റർ എന്നിവ വഴിയാണ് ഉൾവനത്തിലെ കുട്ടികൾക്ക് പഠനസൗകര്യമൊരുക്കുന്നത്. ഇതിൽ പകുതിയിലധികം കേന്ദ്രങ്ങളും തിങ്കളാഴ്ച തന്നെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ ശേഷിക്കുന്ന സെന്ററുകളും തുറക്കാനാണ് തീരുമാനം. 

ഓൺലൈൻ പഠനത്തിന് വഴികാണാതെ വിഷമിക്കുന്നവർ, മൊബൈൽഫോൺ ഇല്ലാത്തതിനാൽ പഠനത്തിൽനിന്ന് മാനസികമായി അകന്നുതുടങ്ങിയവർ എന്നിവരെ തിരിച്ചുകൊണ്ടുവരാനാണ് പ്രഥമപരിഗണന. അധ്യാപകർ ഊരുകളിലേക്ക് നേരിട്ടെത്തും. ആദിവാസി വിഭാഗത്തിൽതന്നെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവർഗ വിദ്യാർഥികൾക്കായാണ് ഇപ്പോൾ ക്ലാസ് നടത്തുക. ജില്ലാ പട്ടികവർഗ വികസന വകുപ്പിന്റെ ‘സഞ്ചരിക്കുന്ന ക്ലാസ്‌റൂം’ പദ്ധതിക്കും തുടക്കമാകും. ഫലപ്രദമെന്നു കണ്ടാൽ ഈ സംവിധാനം ജൂലായ് രണ്ടാംവാരം ആരംഭിക്കും. ആദ്യഘട്ടത്തിൽ കുറ്റിച്ചൽ, വിതുര, പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, ആര്യനാട്, ഉഴമലയ്ക്കൽ തുടങ്ങിയ ആദിവാസികൾ ഇടതിങ്ങിപ്പാർക്കുന്ന പഞ്ചായത്തുകളിലെ പ്ലസ്ടുവരെയുള്ള കുട്ടികൾക്കാണ് ക്ലാസെടുക്കുക. ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട 527 വിദ്യാർഥികൾ ഈ ഊരുകളിലുണ്ടെന്ന് കണക്കുകൾ കാണിക്കുന്നു. പഠിപ്പിക്കുന്നതിനായി സമീപ സ്‌കൂളിലെ അധ്യാപകരും ഗോത്രബന്ധു പദ്ധതിയിലെ 64അധ്യാപകരെയും തിരഞ്ഞെടുത്തുകഴിഞ്ഞു.