ഷൊർണൂർ നഗരസഭയിൽ ഒളിംപിക് അസോസിയേഷൻ ഓപ്പൺ ജിം ആരംഭിച്ചു.

Friday, 25 Jun, 2021  ANOOB NOCHIMA

ഷൊർണൂർ : നഗരസഭയിൽ ഒളിംപിക് അസോസിയേഷൻ ആരംഭിച്ച ഓപ്പൺ ജിം പി. മമ്മിക്കുട്ടി എം.എൽ.എ. സന്ദർശിച്ചു. അസോസിയേഷന്റെ ജില്ലയിലെ ആദ്യ പദ്ധതിയാണ് ഷൊർണൂരിൽ ആരംഭിച്ചത്. ഓപ്പൺ ജിമ്മിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ചു. ഭാരതപ്പുഴയുടെ തീരത്ത് നഗരസഭയനുവദിച്ച സ്ഥലത്താണ് ഓപ്പൺ ജിം പ്രവർത്തിക്കുക. ആരോഗ്യ ബോധവത്‌കരണ പരിപാടിയായ ഒളിംപിക് വേവ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഓപൺ ജിം ആരംഭിക്കുന്നതെന്ന് അസോസിയേഷൻ അധ്യക്ഷൻ പി. രാജേഷ് പറഞ്ഞു. ജിമ്മിന്റെ നിർമാണപ്രവൃത്തി പൂർത്തിയായത് പരിശോധിക്കാനായാണ് പി. മമ്മിക്കുട്ടി എം.എൽ.എ. നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് എന്നിവരെത്തിയത്.

സ്‌പോർട്‌സ് മന്ത്രി ഓപ്പൺ ജിം ഉദ്ഘാടനം ചെയ്യുമെന്ന് അസോസിയേഷൻ അധ്യക്ഷൻ അറിയിച്ചു. പ്രഭാത സവാരിക്കിറങ്ങുന്നവർക്ക് സുരക്ഷിതമായി ശാരീരികക്ഷമത വർധിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. പുലർച്ചെ റോഡിലൂടെയുള്ള പ്രഭാതസവാരിയുണ്ടാക്കുന്ന പ്രശ്‌നങ്ങളും അപകടങ്ങളും കുറയ്ക്കാൻ ഓപ്പൺ ജിം സഹായകമാകും. അഞ്ച് ലക്ഷത്തോളംരൂപ ചെലവഴിച്ചുള്ള പരിശീലന ഉപകരണങ്ങൾ ഓപ്പൺ ജിമ്മിൽ സ്ഥാപിക്കും. സമീപത്തായി വിശ്രമകേന്ദ്രം, കുട്ടികളുടെ പാർക്ക്, വിവേകാനന്ദ പ്രതിമയും പാർക്കും എന്നിവയെല്ലാം പുഴയോരത്തെ ആകർഷകമാക്കുകയും ചെയ്യും.