മാലിന്യം കുന്നുകൂടിക്കിടക്കുന്നത് പരിസരപ്രദേശങ്ങളിലുള്ളവർക്ക് ഭീഷണിയാവുന്നു.

Tuesday, 22 Jun, 2021   HARITHA SONU

പട്ടാമ്പി : നഗരസഭയുടെ ശങ്കരമംഗലത്തെ മാലിന്യസംസ്‌കരണ പ്ലാന്റിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് പരിസരപ്രദേശങ്ങളിലുള്ളവർക്ക് ഭീഷണിയാവുന്നു. മഴക്കാലമായതോടെ പ്ലാന്റിലെ മാലിന്യത്തിൽനിന്ന്‌ ഒലിച്ചിറങ്ങുന്ന വെള്ളം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് പരാതി. മത്സ്യ-മാംസ മാർക്കറ്റ് ഉൾപ്പെടെ പട്ടാമ്പി നഗരത്തിൽനിന്നും നഗരസഭാ പരിധിയിലെ വീടുകളിൽനിന്നും ശേഖരിക്കുന്ന ജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും പ്ലാന്റിന്റെ പരിസരപ്രദേശങ്ങളിൽ കൂട്ടിയിട്ടിരിക്കുകയാണ്. കോവിഡ് പ്രഥമ ചികിത്സാകേന്ദ്രത്തിൽനിന്നുള്ള മാലിന്യവും ഇതിലുൾപ്പെടുമെന്നും ആരോപണമുണ്ട്. മുമ്പ് ഇവിടെ പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് ഏജൻസികൾക്ക് കൈമാറുന്ന പദ്ധതി തുടങ്ങിയിരുന്നു. കോവിഡ് അടച്ചുപൂട്ടലും മറ്റും വന്നതോടെ പദ്ധതി കാര്യക്ഷമമാവാത്ത സ്ഥിതിയാണ്. ശാസ്ത്രീയമായ സംസ്‌കരണസംവിധാനം വേണമെന്നതും ഏറെക്കാലത്തെ ആവശ്യമാണ്.