കേരള വ്യാപാരിവ്യവസായി ഏകോപനസമിതി കേന്ദ്ര-സംസ്ഥാന സർക്കാരോഫീസുകൾക്കുമുന്നിൽ ധർണ നടത്തി.

Tuesday, 29 Jun, 2021  ANOOB NOCHIMA

പാലക്കാട് : ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ചും വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാനത്തെ 500 കേന്ദ്ര-സംസ്ഥാന സർക്കാരോഫീസുകൾക്കുമുന്നിൽ ധർണ നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചൊവ്വാഴ്ചരാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു സമരം. സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് കളക്ടറേറ്റിനുമുന്നിൽ കുതിരവണ്ടിയിൽ കയറിനിന്ന് സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് നിർവഹിച്ചു. ഇന്ധനവിലയ്ക്കെതിരേ പ്രതീകാത്മകമായാണ് കുതിരവണ്ടിയിൽനിന്ന് ഉദ്ഘാടനം ചെയ്തത്. കോവിഡ്കാലത്ത് ദുരിതത്തിലായ വ്യാപാരികൾക്കായി സർക്കാർ സാമ്പത്തികപാക്കേജ് അനുവദിക്കണമെന്ന് ജോബി വി. ചുങ്കത്ത് ആവശ്യപ്പെട്ടു.

ഇന്ധനവിലവർധനയിൽ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. മതിയായ ക്രയവിക്രയം നടക്കാത്തതിനാൽ കച്ചവടക്കാരാണ് കഷ്ടപ്പെടുന്നത്. മദ്യശാലകൾക്കുമുന്നിൽ സാമൂഹിക അകലം പാലിക്കാതെ ആൾക്കൂട്ടം സൃഷ്ടിക്കുന്ന സർക്കാർ വ്യാപാരമെന്ന തൊഴിൽമേഖലയെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി പി.എം.എം. ഹബീബ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഹെൻട്രി, ജില്ലാ പ്രസിഡന്റ് പി.എസ്. സിംപ്‌സൺ, ജില്ലാ ട്രഷറർ ഗോകുൽദാസ്, ജില്ലാ ഭാരവാഹികളായ യു.എം. നാസർ, കെ.ആർ. ചന്ദ്രൻ, ജി. ഗോപി, കെ.ടി. സഹദേവൻ, നിശ്ചലാനന്ദൻ, വി.എം. ഷൗക്കത്ത് എന്നിവർ സംസാരിച്ചു.