വിദ്യാർഥികൾക്ക് പ്രചോദനം നൽകാൻ ക്ലാസുമായി ഒറ്റപ്പാലം സബ് കളക്ടർ.

Sunday, 27 Jun, 2021   HARITHA SONU

മണ്ണാർക്കാട് : ഓൺലൈൻ വിദ്യാഭ്യാസം വേണ്ടരീതിയിൽ ലഭ്യമാക്കാത്ത വിദ്യാർഥികൾക്ക് പ്രചോദനം നൽകാൻ ക്ലാസുമായി ഒറ്റപ്പാലം സബ് കളക്ടർ ശിഖ സുരേന്ദ്രൻ. ഓൺലൈൻ വിദ്യാഭ്യാസം വിജയകരമായി നടപ്പാക്കാനാവാത്ത കുമരംപുത്തൂർ, കോട്ടോപ്പാടം പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളിലാണ് ഒറ്റപ്പാലം സബ് കളക്ടർ ശിഖ സുരേന്ദ്രന്റെ മേൽനോട്ടത്തിൽ ക്ലാസുകൾ ആരംഭിച്ചത്. കുമരംപുത്തൂർ പഞ്ചായത്തിലെ കാരാപ്പാടം കോളനി, കോട്ടോപ്പാടം പഞ്ചായത്തിലെ പൊതുവപ്പാടം കോളനി ഇവിടങ്ങളിൽ ഉടൻ പഠനക്ലാസുകൾ ആരംഭിക്കുമെന്ന് സബ് കളക്ടർ പറഞ്ഞു. കോളനിയിൽ ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിരുന്നെങ്കിലും വിദ്യാർഥികൾ എത്തിയിരുന്നില്ല. തുടർന്നാണ് പട്ടികവർഗ വികസന വകുപ്പിന്റെയും ഒറ്റപ്പാലം സബ് കളക്ടറുടെയും നേതൃത്വത്തിൽ കോളനിയിൽ പഠനമുറിയൊരുക്കി കുട്ടികളെ നേരിട്ട് പഠിപ്പിക്കാൻ തീരുമാനിച്ചത്. കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ അധ്യാപകരായ കൃഷ്ണകുമാർ, അശ്വതി എന്നിവർ തയ്യാറായി വന്നിരുന്നു. അധ്യാപകരുടെ തീരുമാനം പ്രചോദനം നൽകുന്നതാണെന്ന് സബ് കളക്ടർ പറഞ്ഞു.

ക്ലാസിൽ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രദേശത്തെ ആദിവാസി കോളനികൾ കളക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം നടക്കുന്ന വീടുനിർമാണത്തിന് സബ് കളക്ടർ വേണ്ട നിർദേശവും നൽകി. വാർഡ് അംഗങ്ങളായ ലിജോ വർഗീസ്, വിജയലക്ഷ്മി, പ്രൊമോട്ടർ അപ്പുക്കുട്ടൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഗിരിജ എന്നിവർ പങ്കെടുത്തു.