കുലുക്കല്ലൂർ വണ്ടുംതറ-ഇട്ടക്കടവ് റോഡ് നിർമാണം പൂർത്തിയായി.

Wednesday, 30 Jun, 2021   PM JAFFAR

കുലുക്കല്ലൂർ : പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കുലുക്കല്ലൂർ വണ്ടുംതറ-ഇട്ടക്കടവ് റോഡ് നിർമാണം പൂർത്തിയായി. പ്രഭാപുരം-കരിങ്ങനാട് റോഡും നവീകരിച്ചു. കേന്ദ്രഫണ്ടിൽനിന്ന് 13 കോടിയോളംരൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ദിശാബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. 2018-ലാണ് റോഡ് നവീകരണത്തിന് ഫണ്ട് ലഭ്യമായത്. എന്നാൽ, പല സാങ്കേതിക കാരണങ്ങളാലും നിർമാണം തുടങ്ങാൻ വൈകി. 2020 ജനുവരിയിലാണ് പ്രവൃത്തിയാരംഭിച്ചത്. മാർച്ചിൽ പ്രവൃത്തിയുടെ ഔപചാരിക ഉദ്ഘാടനവും നടന്നു. നിർമാണത്തിനിടെ പൊടിശല്യം ഉൾപ്പെടെയുളള പ്രശ്‌നങ്ങൾക്കെതിരെയും പ്രതിഷേധമുയർന്നിരുന്നു. വണ്ടുംന്തറ-ഇട്ടക്കടവ് പാതയിൽ എഴ് കിലോമീറ്ററും പ്രഭാപുരം-കരിങ്ങനാട് പാതയിൽ മൂന്ന് കിലോമീറ്ററുമാണ് നവീകരിച്ചത്. അഴുക്കുചാലുകളും നിർമിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാതാവിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു നവീകരണം. ഷൊർണൂരിൽനിന്നും വല്ലപ്പുഴവഴി പെരിന്തൽമണ്ണയിലേക്കുള്ള ഏളുപ്പമാർഗംകൂടിയാണ് ഈ പാത. ബസ്‌ സർവീസും ഇതിലൂടെയുണ്ട്.