കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളുടെ പട്ടികയിൽ വെന്റിലേറ്റർ ഐ.സി.യു. സൗകര്യവുമെത്തി.

Thursday, 24 Jun, 2021   PM JAFFAR

മലപ്പുറം : കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ ആധുനിക സജ്ജീകരണങ്ങളുടെ പട്ടികയിൽ വെന്റിലേറ്റർ ഐ.സി.യു. സൗകര്യവുമെത്തി. കോവിഡ്, കോവിഡ് ഇതര ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താവുന്ന വെന്റിലേറ്റർ ഐ.സി.യു.കൂടി വന്നതോടെ സ്വകാര്യ ആശുപത്രികളുമായി കിടപിടക്കുന്ന രീതിയിലായി ഈ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം. സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിൽനിന്നു ലഭിച്ച 1.15 കോടി ഉപയോഗിച്ചാണ് സൗകര്യമൊരുക്കിയത്. 10 വെന്റിലേറ്ററുകളും ഐ.സി.യു.വിനോടു ചേർന്ന് അഞ്ച്‌ എച്ച്.ഡി.യു. സൗകര്യവുമാണ് ഒരുക്കിയിട്ടുള്ളത്. മെഡിക്കൽകോളേജ് ഒഴികെ ജില്ലയിലെ മറ്റൊരു സർക്കാർ ആശുപത്രിയിലും ഇത്രയും വെന്റിലേറ്റർ സൗകര്യമില്ല. 115 കിടക്കകളോടെയുള്ള പുത്തൻ സജ്ജീകരണങ്ങളാണ് കോട്ടപ്പടിയിൽ കാണാനാകുക.

വെന്റിലേറ്റർ അടക്കമുള്ള സൗകര്യം താലൂക്ക് ആശുപത്രിക്കു ലഭിച്ചത് കോവിഡ് ഭീതി ഒഴിഞ്ഞാലും മറ്റു രോഗികൾക്ക് ആശ്വാസകരമാകും. ഓക്‌സിജൻ അനുബന്ധ സൗകര്യമൊരുക്കാൻ ദേശീയ ആരോഗ്യ മിഷൻ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10.30-ന് വെന്റിലേറ്റർ ഐ.സി.യു. ബ്ലോക്കിന്റെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ. നിർവഹിക്കും. ഒരുക്കങ്ങൾ വിലയിരുത്താൻ നഗരസഭാധ്യക്ഷൻ മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രി സന്ദർശിച്ചു. പി.കെ. സക്കീർഹുസൈൻ, പി.കെ. അബ്ദുൽഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു എന്നിവർ കൂടെയുണ്ടായിരുന്നു.