നിരോധിത പുകയില ഉത്പന്നമായ 7500 പാക്കറ്റ് ഹാൻസ് കാറിൽ കടത്തിയ യുവാവ് പിടിയിൽ.

Thursday, 24 Jun, 2021   HARITHA SONU

കോഴിക്കോട് : നിരോധിത പുകയില ഉത്പന്നമായ 7500 പാക്കറ്റ് ഹാൻസ് കാറിൽ കടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ആർ.സി. റോഡിൽ വിനിൽരാജിനെ (33) ആണ് ചാലിൽ താഴത്ത് െവച്ച് ചേവായൂർ എസ്.ഐ. അജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്. വിനിൽരാജിന്റെ കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശിയായ ഷാമിൽ ഓടിരക്ഷപ്പെട്ടു.

പിടികൂടിയ പുകയില ഉത്പന്നത്തിന് വിപണിയിൽ എട്ടുലക്ഷത്തോളം വിലയുണ്ട്. വിവിധ ഷോപ്പുകളിലും ഇതരസംസ്ഥാനതൊഴിലാളികളിൽനിന്നും ഓർഡർ സ്വീകരിച്ച് വേണ്ടസ്ഥലത്ത് എത്തിച്ചുനൽകുകയാണ് ഇയാളുടെ രീതി. പണം ഗൂഗിൾപേവഴി കൈമാറും. ഷാമിലിനെ കുറിച്ചും അയാൾക്ക് ഹാൻസ് നൽകിയ മൊത്തവിതരണക്കാരനായ താമരശ്ശേരി സ്വദേശി സാദിഖ് എന്നയാളെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ചേവായൂർ ഇൻസ്പെക്ടർ വിജയകുമാരൻ പറഞ്ഞു. 

ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചോ വിൽപ്പനയെക്കുറിച്ചോ വിവരം ലഭിച്ചാൽ സിറ്റി നാർക്കോട്ടിക്ക് സെല്ലിൽ അറിയിക്കണമെന്ന് സിറ്റി പോലീസ് നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ഇ. രജികുമാർ അറിയിച്ചു. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.മാരായ മുഹമ്മദ് ഷാഫി, എം.സജി, എസ്.സി.പി.ഒ. അഖിലേഷ്, ജോമോൻ, സി.പി.ഒ എം.ജിനേഷ് എന്നിവരെ കൂടാതെ ചേവായൂർ സ്റ്റേഷനിലെ എ.എസ്.ഐ. രഞ്ജിത്ത്, എസ്.സി.പി.ഒ. രാജീവ് കുമാർ, സി.പി.ഒ. ശ്രീരാഗ്, ജിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.