വെങ്ങാലി റെയിൽവേ മേൽപ്പാലത്തിന്റെ സർവീസ് റോഡിനോട് അവഗണന.

Wednesday, 28 Apr, 2021   PM JAFFAR

വെങ്ങാലി : ചെറുതും വലുതുമായ റോഡുകളെല്ലാം അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുമ്പോൾ വെങ്ങാലി റെയിൽവേ മേൽപ്പാലത്തിന്റെ സർവീസ് റോഡിനോട് അവഗണന. റോഡ് നിർമിച്ചതിനുശേഷം നാളിതുവരെ അറ്റകുറ്റപ്പണികൾ നടന്നില്ല. വെങ്ങാലി - ജെട്ടി റോഡ് ഭാഗത്താണ് റോഡ് തകർന്നുകിടക്കുന്നത്. റെയിലിന് കിഴക്കുഭാഗത്തെ ഒട്ടേറെ കുടുംബങ്ങൾ ദിവസേന ആശ്രയിക്കുന്ന വഴിയാണിത്. ദേശീയപാതാ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള റോഡായതിനാൽ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിക്കാൻ കോർപ്പറേഷനും കഴിയുന്നില്ല. റെയിൽവേയുടെ സിഗ്നൽ വയറുകൾ കടന്നുപോകുന്ന കേബിൾ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതുമുതലാണ് കുണ്ടും കുഴിയുമായത്. റോഡ് കോർപ്പറേഷന് കൈമാറണമെന്ന ആവശ്യം ഉയരുന്നുണ്ട്. കോർപ്പറേഷന് വിട്ടുകിട്ടിയാൽ റോഡിനോട് ചേർന്ന് റെയിൽവേ മേൽപ്പാലത്തിനടിയിൽ വ്യാപാര ആവശ്യത്തിന് സൗകര്യമൊരുക്കാനും കഴിയും. കോർപ്പറേഷന്റെ മുൻകൈയിൽ ഇവിടെ മത്സ്യബൂത്തും മറ്റ് കടമുറികളും ഒരുക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടികളുണ്ടായില്ല.