ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി.

Wednesday, 30 Jun, 2021   PM JAFFAR

തീക്കോയി : ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. കഴിഞ്ഞ ദിവസത്തെ ശക്തിയായ മഴയെത്തുടർന്നാണ് തീക്കോയിക്ക് സമീപം മാവടി, മാടത്താനി എന്നിവിടങ്ങളിലെ സംരക്ഷണഭിത്തിയിടിഞ്ഞത്. ലോക്ഡൗൺ ഇളവുകൾ വന്നതിനാൽ വാഹനങ്ങളുടെ നിരന്തര ഓട്ടം തകർച്ച പൂർണമാക്കും. റോഡിലൂടെ തുടർന്നും ഭാരവാഹനങ്ങൾ സഞ്ചരിച്ചാൽ അപകടഭീഷണി വർധിക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന വാഗമൺ റോഡിലൂടെയുള്ള യാത്രയിപ്പോൾ കൂടുതൽ അപകടകരമായി മാറി.

റോഡിൽ പലയിടങ്ങളിലും സംരക്ഷണഭിത്തി തകർന്ന നിലയിലാണ്. കഴിഞ്ഞ വർഷക്കാലത്ത് തീക്കോയി കല്ലം ഭാഗത്തെ കരിങ്കൽകെട്ടിന്റെ അടിഭാഗം തകർന്നിരുന്നു. ചെറിയ തകരാറുകൾ ഉണ്ടായിരുന്ന പില ഭാഗങ്ങളിലും കഴിഞ്ഞ ദിവസത്തെ മഴയോടെ കൂടുതൽ അപകടാവസ്ഥയിലേക്ക് മാറി. മാവടി, മാടത്താനി ഭാഗങ്ങളിലാണ് കൂടുതൽ അപകടകരമായ രീതിയിൽ സംരക്ഷണഭിത്തി തകരാറിലായിരിക്കുന്നത്. രണ്ടിടങ്ങളിലും വളവിനോട് ചേർന്നാണ് സംരക്ഷണഭിത്തിയിടിഞ്ഞിരിക്കുന്നത്. മാവടി ടൗണിൽ ഇടിഞ്ഞ ഭാഗത്തേക്ക് വാഹനങ്ങൾ കയറാതെ നാട്ടുകാർ താത്കാലിക സംവിധാനമെരുക്കിയിട്ടുണ്ട്. ശക്തമായ മഴയിൽ വിള്ളലുണ്ടായ ഭാഗത്തുകൂടി വെള്ളമിറങ്ങി കെട്ട് പൂർണമായി തകരാനും സാധ്യതയുണ്ട്. മടത്താനി ഭാഗത്തെ ഇവിടെ ക്രാഷ് ബാരിയർ ഉറപ്പിച്ചിരുന്ന ഭാഗം പൂർണമായും ഇടിഞ്ഞു. വളവിനോട് ചേർന്നാണ് ഇവിടെയും കെട്ട് തകർന്നത്.

വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തി തുടങ്ങുന്നതോടെ പ്രശ്നം സങ്കീർണമാകും. വാഗമൺ റോഡ് നവീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും നിർമാണ പൂർത്തീകരണം വരെയുള്ള വർഷക്കാലത്തെ അതിജീവിക്കാൻ പതിറ്റാണ്ടുകൾ പഴക്കമുള്ള സംരക്ഷണഭിത്തികൾക്ക് കഴിയുമോ എന്നതാണ് നാട്ടുകാരുടെയും സംശയം.