മീനച്ചിലാറിന്റെ തീരപ്രദേശങ്ങൾ ഹരിത ട്രിബ്യൂണൽ നിയോഗിച്ച വിദഗ്‌ധസമിതി സന്ദർശിച്ചു.

Thursday, 24 Jun, 2021   HARITHA SONU

കോട്ടയം : മീനച്ചിലാറിന്റെ തീരത്തെ ആറ്റുവഞ്ചികൾ വെട്ടുന്നതുമായി ബന്ധപ്പെട്ട്‌ റിപ്പോർട്ട്‌ നൽകാൽ ഹരിത ട്രിബ്യൂണൽ നിയോഗിച്ച വിദഗ്‌ധസമിതി മീനച്ചിലാറിന്റെ വിവിധയിടങ്ങളിലെ തീരപ്രദേശങ്ങൾ സന്ദർശിച്ചു. പാറമ്പുഴ, പേരൂർ, പൂവത്തുംമൂട്‌, വെള്ളൂപ്പറമ്പ്‌, നീലിമംഗലം, ചുങ്കം, ഇല്ലിക്കൽ, കാഞ്ഞിരം, എന്നിവിടങ്ങളിലാണ്‌ സമിതിയംഗങ്ങൾ സന്ദർശനം നടത്തിയത്‌. മീനച്ചിലാറ്റിൽ ആഴംകൂട്ടാൻ മണൽവാരിയ സ്ഥലങ്ങളും ആറ്റുവഞ്ചികൾ വെട്ടിയ സ്ഥലങ്ങളും പരിേശാധിച്ചു.

കഴിഞ്ഞവർഷം ഡിസംബറിൽ ആറ്റുവഞ്ചികൾ വെട്ടിയ നട്ടാശ്ശേരി ഭാഗത്ത്‌ മീനച്ചിലാറിന്റെ തീരവും സന്ദർശിച്ചു. മീനച്ചിലാറിന്റെ തീരത്തെ പ്രവർത്തനങ്ങൾക്കായി ശാസ്‌ത്രീയപഠനം നടത്തിയതിന്റെ റിപ്പോർട്ടുകളൊന്നും ഇറിഗേഷൻ അധികൃതർ വിദഗ്‌ധസമിതിക്കു നൽകിയില്ല. ജില്ലാ കളക്‌ടർ എം.അഞ്‌ജന, ഇറിഗേഷൻവകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനീയർ മോളിക്കുട്ടി ഇമ്മാനുവൽ, സോഷ്യൽ ഫോറസ്‌ട്രി വിഭാഗം അസി. കൺസർവേറ്റർ ഡോ. ജി.പ്രസാദ്‌, ബയോഡൈവേഴ്‌സിറ്റി ബോർഡ്‌ സീനിയർ സയന്റിസ്റ്റ്‌ ഡോ. സി.ജി.പ്രദീപ്‌ എന്നിവരാണ്‌ പരിശോധനയ്‌ക്കെത്തിയത്‌. ഇല്ലിക്കൽ റോഡ്‌ ഇടിഞ്ഞ ഭാഗവും സന്ദർശിച്ചു. സമിതിയംഗങ്ങൾ നാട്ടുകാരുമായും സംസാരിച്ചു. മീനച്ചിലാറ്റിലെ ഒഴുക്ക്‌ സുഗമമാക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. പരിശോധനാ റിപ്പോർട്ട്‌ 29-ന്‌ മുമ്പ്‌ ഹരിത ട്രിബ്യൂണൽ മുമ്പാകെ സമർപ്പിക്കുമെന്ന്‌ സോഷ്യൽ ഫോറസ്‌ട്രി അസിസ്‌റ്റന്റ്‌ കൺസർവേറ്റർ അറിയിച്ചു.