ശാസ്താംകോട്ട ബ്ലോക്കിൽ കോവിഡ് വാക്സിൻ വിതരണം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാകുന്നു.

Wednesday, 30 Jun, 2021  ANOOB NOCHIMA

ശാസ്താംകോട്ട : ശാസ്താംകോട്ട ബ്ലോക്കിൽ കോവിഡ് വാക്സിൻ വിതരണം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാകുന്നു. ഏറെനാളായി ഇവിടത്തെ വാക്സിൻ വിതരണകേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും പ്രതിരോധ കുത്തിവെപ്പ്‌ പരാതിരഹിതമായല്ല നടക്കുന്നത്. അധികാരവും സ്വാധീനവുമുള്ളവരും അവരുടെ ബന്ധുക്കളും യഥാസമയം വാക്സിൻ സ്വീകരിക്കുമ്പോൾ ഒന്നും രണ്ടും ഡോസുകൾ സ്വീകരിക്കുന്നതിന് സാധാരണക്കാർ പരക്കംപായുകയാണ്. സന്നദ്ധപ്രവർത്തനമെന്ന പേരിൽ നടക്കുന്ന രജിസ്‌ട്രേഷനിലൂടെ രാഷ്ട്രീയ പിൻബലമുള്ളവർ പ്രായഭേദമെന്യേ കുത്തവെപ്പെടുക്കുന്നു. ഇതിന് ഉദ്യോഗസ്ഥരും ആശാപ്രവർത്തകരും കൂട്ടുനിൽക്കുകയാണ്.

ഒന്നാം ഡോസ്‌ എടുത്തവർക്ക്‌ കോവാക്സിൻ 28 ദിവസത്തിനും കോവിഷീൽഡ് 84 ദിവസത്തിനും ശേഷം രണ്ടാം ഡോസ്‌ എടുക്കണമെന്നാണ് വ്യവസ്ഥ. നിശ്ചിതസമയം കഴിഞ്ഞ് ഒന്നും രണ്ടും ആഴ്ചകൾ പിന്നിട്ടിട്ടും ബഹുഭൂരിപക്ഷത്തിനും വാക്സിൻ ലഭിച്ചിട്ടില്ല. ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ കഴിയാത്തതിനാൽ ആദ്യ ഡോസെടുക്കാൻ കഴിയാത്തവരും ഏറെയാണ്.

പ്രായമായവരും മാറാരോഗികളും കിടപ്പുരോഗികളും അംഗപരിമിതരും കുത്തിവെപ്പെടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുമ്പോൾ സ്വാധീനമുള്ളവർ പിൻവാതിൽവഴി വാക്സിൻ സ്വീകരിക്കുന്നു. ഒരുവിഭാഗം ആശാപ്രവർത്തകരെയും ജനപ്രതിനിധികളയും നോക്കുകുത്തികളാക്കി നടത്തുന്ന വാക്സിൻ വിതരണം അവസാനിപ്പിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്.അംഗങ്ങൾ ശാസ്താംകോട്ട ബി.ഡി.ഒ.യെ ഉപരോധിച്ചു. അടിയന്തരമായി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗംചേർന്ന് നടപടി സ്വീകരിക്കുമെന്ന പ്രസിഡന്റിന്റെയും ബി.ഡി.ഒ.യുടെയും ഉറപ്പിനെത്തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. അംഗങ്ങളായ വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, ശശികല, ലതാരവി, രാജി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.