പാലിയേറ്റീവ് രോഗികൾക്കായി അനുവദിച്ച കോവിഡ് വാക്സിൻ അനധികൃതമായി മറ്റുള്ളവർക്കു നൽകിയത് വിവാദത്തിൽ.

Wednesday, 16 Jun, 2021   HARITHA SONU

കൊട്ടാരക്കര : പാലിയേറ്റീവ് രോഗികൾക്കായി അനുവദിച്ച കോവിഡ് വാക്സിൻ അനധികൃതമായി മറ്റുള്ളവർക്കു നൽകിയത് വിവാദത്തിൽ. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ നടത്തിയ വാക്സിൻ വിതരണം ബി.ജെ.പി. കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞു. ഡി.എം.ഒ.യുടെ നിർദേശമനുസരിച്ചാണ് വാക്സിൻ വിതരണം നടത്തിയതെന്ന് നഗരസഭാധ്യക്ഷനും താലൂക്ക്‌ ആശുപത്രി സൂപ്രണ്ടും വിശദീകരിച്ചതോടെ പ്രതിഷേധക്കാരെ പോലീസ് ഒഴിവാക്കി. എന്നാൽ പാലിയേറ്റീവ് കെയർ രോഗികൾക്ക് അനുവദിച്ച വാക്സിൻ മറ്റുള്ളവർക്കു നൽകാൻ നിർദേശം നൽകിയിട്ടില്ലെന്ന്‌ ഡി.എം.ഒ. പറഞ്ഞു.

നഗരസഭയിലെ ചില ഭരണപക്ഷ കൗൺസിലർമാർ സ്വന്തക്കാർക്ക് അനധികൃതമായി താലൂക്ക്‌ ആശുപത്രിയിൽനിന്ന്‌ വാക്സിൻ വിതരണം ചെയ്യുന്നതായി നേരത്തേ ആരോപണമുയർന്നിരുന്നു. ഒരു ദിവസം രാവിലെ ഒൻപതുമുതൽ രാത്രി ഏഴുവരെ രണ്ടു വാർഡുകളിലുള്ളവർക്കുമാത്രം താലൂക്ക്‌ ആശുപത്രിയിൽ വാക്സിൻ വിതരണം ചെയ്തത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. താലൂക്ക്‌ ആശുപത്രിയിൽനിന്ന്‌ വാക്സിൻ വിതരണം രണ്ടാഴ്ചമുൻപ്‌ വിമലാംബിക സ്കൂളിലേക്കു മാറ്റിയിരുന്നു. ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നവർക്കുമാത്രമാണ് വാക്സിൻ എന്ന് അധികൃതർ ആവർത്തിച്ചുപറയുമ്പോൾ രജിസ്‌ട്രേഷൻ ഇല്ലാതെ സ്വന്തക്കാരെ ഫോണിൽ വിളിച്ചുവരുത്തി വാക്സിൻ നൽകു​െന്നന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ഭരണകക്ഷിയിൽപ്പെട്ടവർതന്നെ ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് താലൂക്ക്‌ ആശുപത്രിയിൽ വാക്സിൻ വിതരണം നടത്തിയത്.

വിവരമറിഞ്ഞ ബി.ജെ.പി. കൗൺസിലർ അരുൺ കാടാംകുളം, ഗിരീഷ്, നഗരസഭാ സമിതി പ്രസിഡന്റ് അനീഷ് കൊട്ടാരക്കര, രാജേഷ് കുരുക്ഷേത്ര എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരോടും പോലീസിനോടും അധികം വന്ന വാക്സിൻ ഡി.എം.ഒ. നിർദേശമനുസരിച്ച് രണ്ട്, മൂന്ന്, നാല്, ഒൻപത്‌ വാർഡുകളിലുള്ളവർക്ക് വിതരണം ചെയ്തെന്നായിരുന്നു ആശുപത്രി ഉദ്യോഗസ്ഥരുടെയും സ്ഥലത്തെത്തിയ നഗരസഭാധ്യക്ഷൻ എ.ഷാജുവിന്റെയും വിശദീകരണം.