തെങ്ങുവിള-കുറ്ററ റോഡിന് ഭീഷണിയായി വശങ്ങളിലെ മണ്ണൊലിപ്പ്.

Thursday, 17 Jun, 2021   HARITHA SONU

പുത്തൂർ : നവീകരണംനടന്ന് ഏറെക്കാലമാകാത്ത തെങ്ങുവിള-കുറ്ററ റോഡിന് ഭീഷണിയായി വശങ്ങളിലെ മണ്ണൊലിപ്പ്. ടാറിങ്ങിനോടുചേർന്ന് വലിയ കുഴികളാണ് പലയിടത്തും രൂപപ്പെട്ടിരിക്കുന്നത്. ചിലയിടത്ത് മീറ്ററുകളോളംദൂരം വലിയകുഴികളാണ്. വീട്ടുമുറ്റങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കുമൊക്കെയാണ് മണ്ണ് ഒഴുകിയിറങ്ങുന്നത്. കർഷകർക്കും ഇത് ദോഷംചെയ്യുന്നുണ്ട്. വാഴപ്പിണ്ടിയും മണൽചാക്കും ഉപയോഗിച്ച് പ്രദേശവാസികൾ പലയിടത്തും മണ്ണൊലിപ്പ് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. ജലജീവൻ മിഷന്റെ ഭാഗമായി ജലവിതരണക്കുഴലുകൾ സ്ഥാപിക്കാൻ റോഡുവശം കുഴിച്ചതാണ് മണ്ണൊലിപ്പുണ്ടാകാനുള്ള കാരണം. കുഴൽ സ്ഥാപിച്ചശേഷം കുഴിയിലേക്ക് മണ്ണുതിരിച്ചിടുകമാത്രമാണ് ചെയ്തത്. ഉറയ്ക്കാതെകിടക്കുന്ന ഈഭാഗത്തെ മണ്ണാണ് ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്നത്. പ്രദേശങ്ങളിൽ റോഡ് ഇടിഞ്ഞുതാഴാനുള്ള സാധ്യതയും വളരെക്കൂടുതലാണ്. അടിയന്തരമായി അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.