ഡെങ്കിപ്പനി ജാഗ്രതാ നിർദേശവുമായി ആരോഗ്യ പ്രവർത്തകർ.

Monday, 28 Jun, 2021   HARITHA SONU

മഞ്ചേശ്വരം : വൊർക്കാടി ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ പ്രവർത്തകർ രംഗത്ത്. വൊർക്കാടിയിലെ നെല്ലങ്കി, കത്രിക്കോടി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി ജാഗ്രതാനിർദേശം നൽകി. വെള്ളക്കെട്ടുകൾ നീക്കി മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ശുചീകരിച്ചു. വിവിധയിടങ്ങളിൽ കൊതുക് നശീകരണത്തിന്റെ ഭാഗമായി മത്സ്യങ്ങളെ നിക്ഷേപിച്ചു. വൊർക്കാടി കുടുംബക്ഷേമ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണവും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിയത്. മെഡിക്കൽ ഓഫീസർ ഡോ. ഷൈന, ഹെൽത്ത് ഇൻസ്പെക്ടർ എസ്.പ്രീത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എച്ച്.ആഷിം, ബി.ഷെഫീറ, ആശാവർക്കർ കെ.ശാരദ എന്നിവർ സംബന്ധിച്ചു.