സ്കൂളിന്റെ അധീനതയിലുള്ള സ്ഥലത്തുനിന്ന് ബോംബ് ശേഖരം കണ്ടെത്തി.

Monday, 28 Jun, 2021   HARITHA SONU


ഇരിട്ടി : തില്ലങ്കേരി വാഴക്കാൽ ഗവ. യു.പി. സ്കൂളിന്റെ അധീനതയിലുള്ള സ്ഥലത്തുനിന്ന് ബോംബ് ശേഖരം കണ്ടെത്തി. നാല് പ്ലാസ്റ്റിക്‌ ബോംബുകളാണ് പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ കോമ്പൗണ്ടിലെ വാഴയുടെ അരികിലായിരുന്നു ബോംബുകൾ. തിങ്കളാഴ്ച വൈകിട്ട് പ്രഥമാധ്യാപികയും സഹാധ്യാപകരും ചേർന്ന് വാഴക്കുല വെട്ടിയെടുക്കുന്നതിനായി എത്തിയപ്പോഴാണ് വാഴകൾക്കിടയിൽ ബക്കറ്റ് ശ്രദ്ധയിൽപ്പെട്ടത്. കടലാസിൽ പൊതിഞ്ഞ നിലയിൽ ഒരു ബോംബ് ബക്കറ്റിൽ കണ്ടതോടെ സ്കൂൾ അധികൃതർ മുഴക്കുന്ന് പോലീസിനെ വിവരമറിയിച്ചു. ഇൻസ്പെക്ടർ എം.കെ.സുരേഷ്, എസ്.ഐ. പി.റഫീക്ക് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

കണ്ണൂർ ബോംബ്‌സ്ക്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ബക്കറ്റിൽ നാല് ബോംബുകളുള്ളതായി കണ്ടെത്തിയത്. ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിലുള്ള ബോംബുകൾ അടുത്ത ദിവസങ്ങളിൽ നിർമിച്ചതാണെന്നാണ് നിഗമനം. തൊട്ടടുത്തുള്ള വിജനമായ പ്രദേശത്ത് എത്തിച്ച് ബോംബുകൾ നിർവീര്യമാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് കെ.സി.സജീവൻ എന്നിവരും സംഭവമറിഞ്ഞ് സ്ഥലത്തെത്തി.