ഹോസ്റ്റലിന്‌ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കാമ്പസിലൂടെയുള്ള റോഡ് അധികൃതർ അടച്ചു; നാട്ടുകാർ റോഡ് തുറന്നു.

Tuesday, 29 Jun, 2021   HARITHA SONU

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ലേഡീസ് ഹോസ്റ്റലിന്‌ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കാമ്പസിലൂടെയുള്ള റോഡ് അധികൃതർ അടച്ചു. പ്രദേശവാസികൾക്ക് കോളേജ് ആസ്പത്രിയിലേക്കുള്ള പൊതുവഴി അടക്കാൻ പറ്റില്ലെന്ന് പറഞ്ഞ് നാട്ടുകാർ റോഡ് തുറന്നു. കടന്നപ്പള്ളി കോട്ടത്തിൻചാൽ റോഡിൽനിന്ന് മെഡിക്കൽ കോളേജിലേക്ക് കടക്കുന്ന ഇട റോഡാണ് അടച്ചത്. കോൺക്രീറ്റ് തൂണുകളും മരക്കമ്പുകളും ഇട്ട് അടച്ചിടുകയായിരുന്നു.

കടന്നപ്പള്ളി പഞ്ചായത്തിലെ നിരവധി പ്രദേശങ്ങളിലുള്ള ജനങ്ങൾ കാലങ്ങളായി മെഡിക്കൽ കോളേജ് സ്റ്റോപ്പിലേക്ക് എത്തിച്ചേരാൻ ഉപയോഗിക്കുന്ന റോഡാണിത്. ഈ ഭാഗങ്ങളിൽനിന്ന്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വരുന്ന രോഗികളും ജീവനക്കാരും ഇതുവഴി സഞ്ചരിക്കാറുണ്ട്. ഈ വഴി അടച്ചാൽ ദേശീയപാതയിൽ പ്രവേശിച്ച് പ്രധാന കവാടംവഴി കറങ്ങിവരേണ്ടിവരുമെന്നതാണ് ജനങ്ങൾ പറയുന്നത്. റോഡിലിട്ട സാധനങ്ങൾ മാറ്റി നാട്ടുകാർ ഗതാഗതയോഗ്യമാക്കി. കോളേജ് ഹോസ്റ്റലിൽ അടുത്ത കാലത്തുണ്ടായ മോഷണം,സാമൂഹികവിരുദ്ധ ശല്യം എന്നിവ കണക്കിലെടുത്താണ് സുരക്ഷയേർപ്പെടുത്താൻ തീരുമാനിച്ചത്.