റോട്ടറി ക്ലബ്ബ് പെരുമ്പയിൽ നിർമിച്ച ക്ലോക്ക് ടവർ നാടിന് സമർപ്പിച്ചു.

Tuesday, 29 Jun, 2021   HARITHA SONU

പയ്യന്നൂർ : റോട്ടറി ക്ലബ്ബ് പെരുമ്പയിൽ നിർമിച്ച ക്ലോക്ക് ടവർ നാടിന് സമർപ്പിച്ചു. പയ്യന്നൂർ റോട്ടറി ക്ലബ് പ്രസിഡന്റും സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന രാമന്തളി അയോധ്യയിലെ പരേതനായ കെ.വി.രാമചന്ദ്രന്റെ സ്വപ്നമാണ് യാഥാർഥ്യമായത്. 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിർമിച്ച ക്ലോക്ക് ടവർ ടി.ഐ.മധുസൂദനൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. പ്രൊജക്ട് ചെയർമാൻ നരേന്ദ്ര ഷേണായി അധ്യക്ഷതവഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ഹരികൃഷ്ണൻ നമ്പ്യാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി വി.വി.പ്രമോദ് നായനാർ, അഡ്വ. ശശി വട്ടക്കൊവ്വൽ, വി.ജി.നായനാർ, കൗൺസിലർ ഇഖ്ബാൽ പോപ്പുലർ, ഡോ. എം.വിനോദ്കുമാർ, ഇ.പി.ചന്ദ്രൻ, പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നിർമാണത്തിന് നേതൃത്വം നല്കിയ തങ്കച്ചൻ, അനിൽകുമാർ എന്നിവരെ ആദരിച്ചു.