ഓക്സിജൻ കോൺസെൻട്രേറ്റർ നിർമിച്ച് എൻജിനീയറിങ് വിദ്യാർഥികൾ.

Tuesday, 29 Jun, 2021   HARITHA SONU

ശ്രീകണ്ഠപുരം : കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ചുരുങ്ങിയ ചെലവിൽ ഓക്സിജൻ കോൺസെൻട്രേറ്റർ നിർമിച്ച് എൻജിനീയറിങ് വിദ്യാർഥികൾ. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥികളാണ് നിർമിച്ചത്. ഇപ്പോൾ വിപണിയിലുള്ള കോൺസെൻട്രേറ്ററിന് ഏകദേശം 60,000 രൂപ മുതൽ ഒരു ലക്ഷം രൂപയാണ്. എന്നാൽ കുട്ടികൾ നിർമിച്ച കോൺസെൻട്രേറ്ററിന് 26,000 രൂപ മാത്രമാണ് ചെലവ്. എൻ.അങ്കിത, മാനസ് ടോം, ആഷിക് ബെന്നി, ജോബിൻ ജോസഫ്, എ.വി.നിസ്വാർഥ്‌, സി.എച്ച്. നുഷ്, നെവിൻ സജി, നയന സജി, ഗോപിക ഗോപാലകൃഷ്ണൻ, ടി.ഗീതിക, ശിൽപ എം. നായർ, ജീന ജോർജ് എന്നിവരാണ് നിർമിച്ചത്.

നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മെഡിക്കൽ അസിസ്റ്റന്റ്‌സ് റോബോട്ട്, പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ ഡിസ്പെൻസർ, റോബോ സാനിറ്റൈസർ ഡിസ്പെൻസർ, വലിയ മാളുകളിലും ആസ്പത്രികളിലുമൊക്കെ ജനത്തിരക്ക് നിയന്ത്രിക്കുന്ന ക്രൗഡ് കൺട്രോളിങ്‌ റോബോ സിസ്റ്റം തുടങ്ങിവ വിമൽജ്യോതിയിലെ വിദ്യാർഥികൾ നിർമിച്ചിരുന്നു.