ടൗണിൽ പുതുതായി നിർമിച്ച പാലത്തിന്റെ രൂപരേഖ മാറ്റിയതിൽ പ്രതിഷേധം.

Saturday, 10 Apr, 2021  ANOOB NOCHIMA

ചെറുതോണി : ടൗണിൽ പുതുതായി നിർമിച്ച പാലത്തിന്റെ രൂപരേഖ മാറ്റിയതിൽ പ്രതിഷേധം. ടൗണിനെ രണ്ടായി വിഭജിക്കുന്ന രീതിയിലുള്ള രൂപരേഖയാണ് പുതിയതെന്ന് ആരോപിച്ചാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ വാഴത്തോപ്പ് പഞ്ചായത്ത് സർവകക്ഷിയോഗം വിളിച്ചു. ചെറുതോണി വ്യാപാരിഭവനിൽ തിങ്കളാഴ്ച രണ്ടിനാണ് യോഗം. മഹാപ്രളയത്തിൽ അണക്കെട്ട് തുറന്നപ്പോൾ ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി നാശനഷ്ടമുണ്ടാകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഉയരത്തിൽ പുതിയ പാലം വേണമെന്ന ആവശ്യം ഉയർന്നത്. ആറ് മാസം മുൻപ് നിർമാണോദ്ഘാടനവും നടത്തി. അന്നുള്ള രൂപരേഖ ഇപ്പോൾ മാറ്റിയെന്നാണ് ആരോപണം.

പെരിയാറ്റിൽ നിർമ്മിക്കുന്ന പാലത്തിന് നാല് പില്ലർ മാത്രമേ ഇപ്പോൾ നിർമ്മിക്കുന്നുള്ളൂ. നാലു പില്ലർ കഴിഞ്ഞുള്ള പാലത്തിന്‍റെ ബാക്കി ഭാഗം ഭിത്തി കെട്ടി പൊക്കാനാണ് തീരുമാനം. എട്ടു മീറ്റർ ഉയരത്തിലാണ് പാലം നിർമ്മിക്കുന്നത്. കട്ടപ്പന അടിമാലി ദേശീയപാതയിലേക്കാണ് പാലം യോജിപ്പിക്കുന്നത്. തൊടുപുഴയിൽ നിന്ന് കട്ടപ്പനയ്ക്ക്‌ പോകേണ്ട വാഹനങ്ങൾ പുതിയ പാലത്തിനടിയിലൂടെ പോകാനാണ് പദ്ധതി. മൂന്നു സ്പാനുകളായാണ് പാലം നിർമ്മിക്കുന്നത്. പെരിയാർ കഴിഞ്ഞുള്ള പാലത്തിന്‍റെ ബാക്കി ഭാഗം ഭിത്തി കെട്ടുന്നതിലൂടെ ടൗൺ രണ്ടായി വിഭജിച്ചുപോകുമെന്ന് വ്യാപാരികൾ പറയുന്നു. പുതിയ പ്ലാനനുസരിച്ച് അടിമാലിയിൽ നിന്ന് തൊടുപുഴയ്ക്ക്‌ പോകുന്നതിന് പാലത്തിൽ കയറി കട്ടപ്പന റോഡിലെത്തിയശേഷം പഴയ പാലത്തിലൂടെയേ കടന്നുപോകാൻ കഴിയുകയുള്ളൂ. തമിഴ്നാട്ടിലെ കമ്പനിയാണ് കരാറെടുത്തിരിക്കുന്നത്.