ന്യൂസ്‌പേപ്പർ ചലഞ്ചുമായി ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ.

Tuesday, 29 Jun, 2021   PM JAFFAR

വള്ളികുന്നം : ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിർധന കുട്ടികൾക്കു സഹായമൊരുക്കാൻ ന്യൂസ്‌പേപ്പർ ചലഞ്ചുമായി ഊട്ടുപുര ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ. വീടുകളിലെത്തി പഴയ പേപ്പറുകൾ സമാഹരിച്ച് അതു വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്കു ടി.വി.യും സ്മാർട്ട് ഫോണും വാങ്ങിനൽകുകയാണു ലക്ഷ്യം.

വള്ളികുന്നത്തും പരിസരപ്രദേശങ്ങളിലുമുള്ള സുമനസ്സുകളുടെ വീടുകളിലും സ്ഥാപനങ്ങളിലുംനിന്നാണ് പഴയ പേപ്പറുകൾ സൊസൈറ്റി പ്രവർത്തകരെത്തി സമാഹരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഴയ ന്യൂസ് പേപ്പർ കെട്ടുകൾ കൈമാറി ഫാ. ബേബി മാത്യൂസ് നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ മഠത്തിൽ ഷുക്കൂർ, രാജൻപിള്ള, അൻസാർ, രാജുമോൻ, സണ്ണി തടത്തിൽ, എബിൻ, ഷിഹാസ് ഷാജഹാൻ, പ്രകാശ് സരോവരം, ജിബു പീറ്റർ, വിഷ്ണു തുടങ്ങിയവർ നേതൃത്വംനൽകി.