ദേശീയപാത ഉയർത്തിയതനുസരിച്ച് വശങ്ങൾ പൂർണമായും ഉയർത്താത്തതുമൂലം അപകടങ്ങൾ പതിവാകുന്നു.

Tuesday, 29 Jun, 2021   PM JAFFAR

കരുവാറ്റ : ദേശീയപാത ഉയർത്തിയതനുസരിച്ച് വശങ്ങൾ പൂർണമായും ഉയർത്താത്തതുമൂലം അപകടങ്ങൾ പതിവാകുന്നു. ഇരുചക്രവാഹനങ്ങളും ചെറുവാഹനങ്ങളുമാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. ഹരിപ്പാടു മുതൽ തോട്ടപ്പള്ളിവരെയുള്ള ഭാഗത്താണ് അപകടങ്ങളേറെയും. റോഡ് പുനർനിർമിക്കുന്നതിനു മുൻപുതന്നെ ദേശീയപാതയും തറനിരപ്പുമായി ഉയരവ്യത്യാസമുണ്ടായിരുന്നു. ടാറിങ് കഴിഞ്ഞതോടെ ചിലയിടങ്ങളിൽ ഒന്നരയടിയോളം വ്യത്യാസമായി. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ദേശീയപാതയിലേക്കുകയറാൻ പ്രയാസപ്പെടുകയാണ്. പലപ്പോഴും നിയന്ത്രണംവിട്ടു മറിയുന്നുണ്ട്. രാത്രിയിലാണ് യാത്ര കൂടുതൽ ബുദ്ധിമുട്ടാകുന്നത്. വലിയ വാഹനങ്ങൾക്ക് വഴികൊടുക്കാനായി വശങ്ങളിലേക്കൊതുക്കുന്ന ചെറുവാഹനങ്ങൾ താഴ്ചയിലേക്കു മറിയുന്നു. ടാറിങ് കഴിഞ്ഞപ്പോൾ ദേശീയപാതയുടെ ഇരുവശങ്ങളിലും ഗ്രാവലിട്ട് ഉയർത്തിയെങ്കിലും മഴയിൽ ഒലിച്ചുപോയി. ഭൂരിഭാഗത്തും റോഡും വശങ്ങളും തമ്മിൽ നല്ല ഉയരവ്യത്യാസമുണ്ട്. ഗ്രാവലിട്ടാൽ പെട്ടെന്നുതന്നെ ഒലിച്ചുപോകും. പകരം സംവിധാനം ഉപയോഗിച്ച് അപാകം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.