ദേശീയപാതയോരത്ത് മാലിന്യം തള്ളിയിരിക്കുന്നു.

Monday, 21 Jun, 2021   PM JAFFAR

ചേർത്തല :  പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ പുതിയകാവിനും സി.എം.എസിനുമിടയിൽ ദേശീയപാതയോരത്ത് വൻതോതിലാണു മാലിന്യം തള്ളിയിരിക്കുന്നു. ഇവിടെ മാത്രം 50 ടാങ്കർ മാലിന്യമെങ്കിലും കെട്ടിക്കിടക്കുന്നു. മഴയെത്തുമ്പോൾ മാലിന്യം പാതയിലേക്കും നിറഞ്ഞൊഴുകുന്ന സ്ഥിതിയാണ്. പ്രദേശത്തുള്ളവർ പലതവണ പരാതികളുയർത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല. തൈക്കൽ കവലയ്ക്കു സമീപം ബീച്ച് റോഡരികിൽ പലതവണ മാലിന്യംതള്ളിയ സ്ഥലം കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് ശുചീകരിച്ചിരുന്നു. ഇവിടെ കഴിഞ്ഞ രാത്രി വീണ്ടും മാലിന്യംതള്ളി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ രാത്രികാല പോലീസ് പരിശോധന കുറയുന്ന സാഹചര്യം മുതലെടുത്താണ് മാലിന്യം തള്ളുന്നത്. ഇവിടെയും നാട്ടുകാർ ശക്തമായ പ്രതിഷേധമുയർത്തിയിരിക്കുകയാണ്. ചേർത്തല അരൂക്കുറ്റി റോഡ്, ചേർത്തല കണിച്ചുകുളങ്ങര റോഡ് എന്നീ പ്രധാന പാതയോരങ്ങളിലും പലയിടത്തും മാലിന്യംതള്ളുന്നതു പതിവായിട്ടുണ്ട്.